Tuesday, 7 October 2014

രക്തത്തില്‍ വൈറ്റമിന്‍ ഡി കുറഞ്ഞാല്‍...


നിങ്ങളുടെ ശരീരത്തില്‍കൂടി ഒഴുകുന്ന രക്തത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ്‌ എത്രയെന്ന്‌ എന്നെങ്കിലും പരിശോധിച്ചിട്ടുണ്ടോ. `ഇല്ല' എന്നാകും നമ്മില്‍ ഭൂരിപക്ഷം പേരുടെയും മറുപടി. പരിശോധിപ്പിക്കപ്പെടേണ്ടവയുടെ കൂട്ടത്തില്‍ നമ്മുടെ ഡോക്‌ടര്‍മാര്‍ ഒരിക്കലും `വൈറ്റമിന്‍ ഡി' എന്ന്‌ കുറിച്ചുതരാത്തതുതന്നെയാകും പ്രധാനകാരണം. ഈ സാഹചര്യം മാറുകയാണ്‌. ഇന്ന്‌ ആരോഗ്യരംഗത്ത്‌, ആഗോളതലത്തില്‍ വൈറ്റമിന്‍ ഡിക്ക്‌ കൂടുതല്‍ പ്രാധാന്യം കൈവന്നിട്ടുണ്ട്‌. അതുകൊണ്ട്‌ രക്തത്തില്‍ വൈറ്റമിന്‍ ഡിയുടെ അളവ്‌ കണ്ടെത്താനുള്ള പരിശോധനയ്‌ക്കും പ്രാമുഖ്യമേറി.

ഇന്ത്യയില്‍ 75% ആളുകളില്‍, വൈറ്റമില്‍ ഡിയുടെ അപര്യാപ്‌തയുണ്ടെന്ന്‌ കണക്കുകള്‍ സൂചിപ്പിക്കുന്നു. നമ്മളും ഈ ഗണത്തിലാണോ? അതറിയണമെങ്കില്‍ രക്തപരിശോധനയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. മനുഷ്യശരീരത്തിലെ 200-ലധികം ജീനുകളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഒരു പ്രോ-ഹോര്‍മോണ്‍ ആണ്‌ വൈറ്റമിന്‍ ഡി. ശരീരത്തിലെ ഏതാണ്ട്‌ എല്ലാ ജീവകോശങ്ങളിലും വൈറ്റമിന്‍ ഡിയെ ആഗീരണം ചെയ്യാന്‍ കഴിയുന്ന റിസപ്‌റ്ററുകള്‍ ഉണ്ടുതാനും. അതുകൊണ്ടുതന്നെ രക്തത്തില്‍ ആവശ്യത്തിനു വൈറ്റമിന്‍ ഡി ഇല്ലെങ്കില്‍ പലവിധത്തലുമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. രോഗപ്രതിരോധശേഷി കുറയും, ക്യാന്‍സര്‍ സാധ്യത കൂടും, മുടിയുടെ ആരോഗ്യവും വളര്‍ച്ചയും കുറയും, പേശികളുടെയും എല്ലുകളുടെയും ബലം കുറയും. ഗര്‍ഭിണികളില്‍ വൈറ്റമിന്‍ ഡിയുടെ അപര്യാപ്‌തത മൂലം ഗര്‍ഭസ്ഥശിശുവിനു വളര്‍ച്ചാവൈകല്യങ്ങള്‍ ഉണ്ടാകാം, ഗര്‍ഭകാല പ്രമേഹം ഉണ്ടാകാം.

ഒരാള്‍ക്ക്‌ വൈറ്റമിന്‍ ഡിയുടെ കുറവുണ്ടെങ്കില്‍, ഈ ജീവകത്തെ വലിച്ചെടുക്കാന്‍ കഴിയുന്ന റിസെപ്‌റ്ററുകളുള്ള എല്ലാ അവയവങ്ങളുടെയും സ്വാഭാവികമായ പ്രവര്‍ത്തനം തകരാറിലാകും. ഇനി, വൈറ്റമിന്‍ ഡിയുടെ കൂടിയാലുമുണ്ട്‌ പ്രശ്‌നങ്ങള്‍. വൈറ്റമിന്‍ ഡി കൂടിയാല്‍ ശരീരം വലിച്ചെടുക്കുന്ന കാല്‍സ്യത്തിന്റെ അളവ്‌ കൂടും. അത്‌ ഹൃദയസ്‌തംഭനം, മൂത്രത്തിലെ കല്ല്‌ തുടങ്ങിയ രോഗങ്ങക്കുള്ള സാധ്യത കൂട്ടും.
വൈറ്റമിന്‍ ഡിയുടെ കുറവ്‌ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നതിനാല്‍ ഇത്‌ ഒരു `യൂണിവേഴ്‌സല്‍ റിസ്‌ക്‌ ഫാക്‌റ്റര്‍' ആയി പരിഗണിക്കപ്പെടുന്നു. അതിനാല്‍, മുതിര്‍ന്നവരില്‍ മാത്രമല്ല കുട്ടികളിലും വൈറ്റമിന്‍ ഡിയുടെ അളവ്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടതാണ്‌.

താഴെപ്പറയുന്ന രോഗങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവര്‍ നിര്‍ബന്ധമായും രക്തത്തിലെ വൈറ്റമിന്‍ ഡിയുടെ അളവ്‌ പരിശോധിപ്പിക്കേണ്ടതാണ്‌.
1. പ്രമേഹം
2. ഓസ്റ്റിയോപൊറോസിസ്‌
3. അടുത്തകാലത്ത്‌ എല്ലുകള്‍ക്ക്‌ ഒടിവ്‌ സംഭവിച്ചവര്‍
4. എല്ലുകളുടെ ശസ്‌ത്രക്രിയകള്‍ക്ക്‌ വിധേയരാകാനുള്ളവര്‍
5. അജ്ഞാതകാരണങ്ങളാല്‍ വിട്ടുമാറാത്ത വേദന അനുഭവിക്കുന്നവര്‍
6. ഹൃദ്രോഗം
7. അമിതവണ്ണം
8. അമിതമായി പുകവലിക്കുന്നവര്‍

No comments:

Post a Comment