രക്തത്തില്‍
പഞ്ചസാരയുടെയും കൊളസ്‌ട്രോളിന്റെയും അളവ് കൂടുതലുള്ളവര്‍ ഫാസ്റ്റിംഗ് ബ്ലഡ്
ഷുഗറും ഫാസ്റ്റിംഗ് കൊളസ്‌ട്രോളും പരിശോധിപ്പിക്കാറുണ്ട്. ഈ രോഗങ്ങള്‍
പിടിപെട്ടിട്ടുണ്ടോ എന്ന് കൃത്യമായി മനസിലാക്കാന്‍ വേണ്ടിയും ഇതേ പരിശോധന
ചെയ്യാറുണ്ട്. സാധാരണയായി രാവിലെ ആഹാരം കഴിക്കുന്നതിനുമുമ്പായി ഈ പരിശോധിക്കായി
രക്തസാമ്പിള്‍ നല്‍കുന്നു. ഇത്രയും കാര്യങ്ങള്‍ നമുക്കെല്ലാവര്‍ക്കും നന്നായി
അറിയാവുന്നതാണ്. എന്നാല്‍, പിറ്റേന്നു രാവിലെ രക്തം പരിശോധിക്കാന്‍ കൊടുക്കണമെങ്കില്‍ തലേന്നു തന്നെ
ചില മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. എങ്കില്‍ പരിശോധനാഫലം
കൃത്യമായിരിക്കുകമെന്ന് നമുക്ക് ഉറപ്പാക്കാം. ലാബില്‍ എത്തിയിട്ട് രക്തസാമ്പിള്‍
കൊടുക്കാനാകാതെ തിരികെ പോരേണ്ട അവസ്ഥയും ഒഴിവാക്കാം.
1.
സാധാരണ
ഗതിയില്‍ രക്തപരിശോധനയ്‌ക്കു മുമ്പുള്ള ഫാസ്റ്റിംഗ് ടൈം 8-12 മണിക്കൂര്‍ ആകുന്നതാണ്
ഉത്തമം. ഇതുപ്രകാരം, പിറ്റേന്ന് രക്തസാമ്പിള്‍ കൊടുക്കാന്‍
ഉദ്ദേശിക്കുന്ന സമയമനുസരിച്ച് തലേദിവസത്തെ അത്താഴത്തിന്റെ സമയം ക്രമീകരിക്കണം.
അതായത് രാത്രിയില്‍ വളരെ വൈകി ആഹാരം കഴിക്കുന്നവര്‍ തലേന്ന് വൈകിട്ട് കുറച്ചു
നേരത്തെ ആഹാരം കഴിക്കാവുന്നതാണ്.
2.
സോഫ്‌റ്റ്
ഡ്രിങ്കുകളും ജ്യൂസുകളും ച്യൂയിംഗവും തലേന്ന് കഴിക്കാതിരിക്കുക.
3.
ചായയും
കാപ്പിയും ഒഴിവാക്കുന്നതും ഗുണകരമാണ്. അമിതമായി കാപ്പിയും ചായയും കുടിക്കുന്നവര്‍
നിര്‍ബന്ധമായും അവയുടെ അളവ് തലേന്ന് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
4.
ഫാസ്റ്റിംഗ്
സമയത്ത് വെള്ളം കുടിക്കുന്നതു കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. ദാഹമോ മറ്റു
പ്രയാസങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കില്‍ വെള്ളം കുടിക്കാവുന്നതാണ്.
5.
രാവിലെ
വ്യായാമം ചെയ്യുന്നവര്‍, രക്തസാമ്പിള്‍ എടുക്കുന്നതിനുമുമ്പ് വ്യായാമം ഒഴിവാക്കുന്നതാണ് ഗുണകരം.
വ്യായാമം ചെയ്‌താല്‍, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവില്‍
വ്യതിയാനം വന്നേക്കാം. അതിനാല്‍ പരിശോധനഫലവും വ്യത്യാസപ്പെടാം.
6. രാവിലെ
വെറും വയറ്റില്‍ ഗുളികകള്‍ കഴിച്ചുകൊണ്ടിരിക്കുന്നവര്‍ അതേക്കുറിച്ച് ഡോക്‌ടറോട്
സംസാരിച്ച് പരിശോധനാ ദിവസം ഗുളിക കഴിക്കുന്നതില്‍ കുഴപ്പമുണ്ടോ എന്ന്
മനസിലാക്കുക. (മിക്കവാറും ഡോക്‌ടര്‍മാര്‍ ഗുളിക കഴിക്കാന്‍ അനുവദിക്കാറുണ്ട്.)