Tuesday, 16 December 2014

സ്‌തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ പരിശോധനകള്‍

സ്‌ത്രീകളെ ബാധിക്കുന്ന ക്യാന്‍സറില്‍ ഒന്നാം സ്ഥാനം സ്‌തനാര്‍ബുദത്തിനു തന്നെ. ഇന്ത്യയില്‍ സ്‌തനാര്‍ബുദം പിടിപെടുന്നവരില്‍ 48 ശതമാനവും 50 വയസില്‍ താഴെയുള്ളവരാണ്‌. 30-40നിടയില്‍ പ്രായമുള്ളവരില്‍ മുമ്പത്തേതിനേക്കാള്‍ കൂടുതലായി സ്‌തനാര്‍ബുദം ഇപ്പോള്‍ കാണപ്പെടുന്നു. വിദേശരാജ്യങ്ങളില്‍ നേരത്തെ ഈ രോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്‌. അതുകൊണ്ട്‌ രോഗം മാറി ആരോഗ്യജീവിതത്തിലേക്കു വരാനുള്ള സാധ്യതയും കൂടുതലാണ്‌. എന്നാല്‍ ഇന്ത്യയില്‍ പലപ്പോഴും സ്‌തനാര്‍ബുദം തിരച്ചറിയപ്പെടുന്നത്‌ സിംപതറ്റിക്‌ സ്റ്റേജ്‌ എന്നു വിളിക്കപ്പെടുന്ന മൂന്നും നാലും സ്റ്റേജുകളിലാണ്‌. എന്നാല്‍, സ്വയം പരിശോധനയിലൂടെയും മാമ്മോഗ്രാമിലൂടെയും സ്‌തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ കഴിയുന്നതാണ്‌. നേരത്തെ തിരിച്ചറിഞ്ഞാല്‍ സ്‌തനങ്ങള്‍ നീക്കം ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാനാകും.

സ്വയം പരിശോധന
മൂന്നു വിധത്തില്‍ സ്വയം പരിശോധന ചെയ്യാം- കിടന്നുകൊണ്ട്‌, കുളിക്കുന്നതിനിടയില്‍, കണ്ണാടിയില്‍ നോക്കി. കണ്ണാടിയില്‍ മുന്നില്‍ നിന്ന്‌ സ്‌തനത്തില്‍ ഏന്തെങ്കിലും നിറവ്യത്യാസമോ തടിപ്പോ നീരോ രൂപവ്യതിയാനമോ ഉണ്ടോ എന്നു നോക്കുക. നിപ്പിളുകള്‍ക്ക്‌ ആകൃതിയില്‍ വ്യത്യാസമുണ്ടോ അകത്തേയ്‌ക്ക്‌ കയറിയിരിക്കുന്നുണ്ടോ എന്നു നോക്കുക. അവയ്‌ക്കു ചുറ്റും നിറവ്യത്യാസമുണ്ടോ എന്നു ശ്രദ്ധിക്കുക. നേരേനിന്നു നോക്കിയതു കൂടാതെ, കൈകള്‍ മുകളിലേക്ക്‌ ഉയര്‍ത്തിപ്പിടിച്ചതിനു ശേഷവും ഈ വിധം നിരീക്ഷിക്കുക. കൈകൊണ്ട്‌ ഞെക്കുമ്പോള്‍ നിപ്പിളില്‍ നിന്നും രക്തമോ വെള്ളമോ പാലുപോലുള്ള ദ്രാവകമോ പഴുപ്പോ വരുന്നുണ്ടോ എന്നു നോക്കുക.

ശരീരത്തില്‍ നനവുള്ളപ്പോഴാണ്‌ തടിപ്പികളും മുഴകളും കല്ലിപ്പും തിരിച്ചറിയാന്‍ എളുപ്പം. അതുകൊണ്ട്‌ കുളിക്കുന്നതിനിടയില്‍ വിരലുകള്‍ ചേര്‍ത്തുപിടിച്ചു കൊണ്ട്‌ സ്‌തനങ്ങളില്‍ മുകള്‍ ഭാഗം മുതല്‍ താഴെവരെ വൃത്താകൃതിയില്‍ തടവിനോക്കുക. ഇടതുകൈവിരല്‍ കൊണ്ട്‌ വലതു സ്‌തനത്തിലും വലതുകൈവിരലുകള്‍ കൊണ്ട്‌ ഇടതു സ്‌തനത്തിലും മിതമായി മര്‍ദ്ദം കൊടുത്ത്‌ വട്ടത്തില്‍ അമര്‍ത്തിത്തടവിനോക്കുക. കക്ഷം മുതല്‍ താഴോട്ടുള്ള ഈവിധം പരിശോധിക്കണം. കിടന്നു കൊണ്ടും ഇത്തരത്തില്‍ പരിശോധിച്ചു നോക്കുക. അസ്വാഭാവികമായി എന്തെങ്കിലും തോന്നിയാല്‍ എത്രയും വേഗം ഡോക്‌ടറെ കാണണം. 20 വയസു കഴിഞ്ഞ എല്ലാവരും മാസത്തില്‍ ഒരിക്കലെങ്കിലും സ്‌തനപരിശോധന ചെയ്യേണ്ടതാണ്‌. പ്രത്യേകിച്ചും ഗര്‍ഭപാത്രം നീക്കം ചെയ്‌തവരും ആര്‍ത്തവം നിന്നവരും.

മാമോഗ്രാം
ഏറ്റവും ലളിതമായി പറഞ്ഞാല്‍ സ്‌തനങ്ങളുടെ എക്‌സ്‌റേ ഇമേജുകളാണ്‌ മാമോഗ്രാം. ഈ പരിശോധനയിലൂടെ സ്‌തനങ്ങളിലെ തീരെ ചെറിയ മുഴകള്‍ പോലും കണ്ടെത്താന്‍ കഴിയും. ഒരു എസ്‌ക്‌ റേ മിഷ്യന്റെ മുന്നില്‍ നിര്‍ത്തിയിട്ട്‌ രണ്ടു പ്രതലത്തിനുള്ളില്‍ ഓരോ സ്‌തനങ്ങളായി അമര്‍ത്തിവച്ചശേഷമാണ്‌ എക്‌സ്‌ റേ എടുക്കുക. എക്‌സ്‌ റേ എടുത്തതിനു ശേഷം ആ പ്രതലങ്ങള്‍ നീക്കുന്നതുവരെ വേദനയോ അസ്വസ്ഥതയോ തോന്നിയേക്കാം. മാമോഗ്രാം ചെയ്യുന്നതിനു മുമ്പ്‌ ആഭരണങ്ങള്‍ ഊരിമാറ്റുക. മാമോഗ്രാം ചെയ്യുന്ന ദിവസം ഡീഓര്‍ഡറന്റോ പൗഡറോ കക്ഷത്തില്‍ ഉപയോഗിക്കരുത്‌. ഇവയ്‌ക്കുള്ളിലെ ധാതുപദാര്‍ഥങ്ങള്‍ എസ്‌ക്‌റേയില്‍ കാണാന്‍ കഴിയും. അത്‌ ആശയക്കുഴപ്പത്തിനു കാരണമാകാം. നാല്‍പതു വയസുകഴിഞ്ഞവര്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മാമോഗ്രാം ചെയ്യുന്നത്‌ നല്ലതാണ്‌. നേരത്തെ മാമോഗ്രാം ചെയ്‌തിട്ടുണ്ടെങ്കില്‍ ആ എക്‌സ്‌ റേ കൂടി കൊണ്ടുപോകണം. മാമോഗ്രാം ചെയ്യാന്‍ ഗുണനിലവാരമുള്ള ഡയഗ്നോസ്റ്റിക്‌ സെന്ററുകള്‍ തിരഞ്ഞെടുക്കുക.